Tuesday, February 11, 2014

ഋതുഭേദം ..ഓർമ്മയുടെ മഴക്കാലത്തിൽ ,
ഓടിൻ വിടവിലൂടെ ഊർന്നിറങ്ങുന്ന
പേമാരിയെ വിഴുങ്ങുന്നൊരു
കൊച്ചു  പാത്രമുണ്ട് ;
അതിജീവനത്തിന്റെ  ആദ്യ  പാഠങ്ങൾ .

ഓർമ്മയുടെ വസന്തത്തിൽ,
മാവിൻ  ചുവട്ടിൽ
പൂവും ചിരട്ടയും ഉണ്ട്.
പങ്കുവെക്കലിന്റെ അദ്യാനുഭവങ്ങൽ .

ഓർമ്മയുടെ വേനലിൽ ,
വെല്ലുവിളികളുടെ ഒരു  മൈതാനമുണ്ട് ;
തോൽവിയുടെ  ആഴങ്ങളിൽ നിന്ന്
ജീവിതത്തെ അളന്നു തുടങ്ങിയത്  .

ഇന്നീ  ശിശിരത്തിൽ,
വാക്കുകൾ  കൊഴിഞ്ഞ് നമ്മളുണ്ട് .
ഇനിയൊരു ഋതുഭേദം
മനസ്സിൽ നുകർന്ന് .

Tuesday, January 7, 2014

നീ സവാള അരിയുമ്പോൾ .....സവാള അരിയുമ്പോൾ 
നീ സ്വന്തമായി 
ഒരു ലോകം സൃഷ്ട്ടിക്കുന്നുണ്ട് .
അക്ഷാംശ രേഖാംശ കൃത്യതയോടെ 
ആ അരിയൽ 
ഒരു കൗതുക കാഴ്ച്ചയാണ് .

അപ്പോൾ  എന്തായിരിക്കും
നിന്റെ മനസ്സിലോടുന്നത് ....
ഒരുവേള വിഭവത്തിന്റെ
സ്വീകാര്യതയെക്കുറിച്ചാവാം ,
അല്ലെങ്കിൽ പൊട്ടാൻ തുടങ്ങുന്ന
മോളുടെ ഷൂ ലേസിനെ കുറിച്ചോ
നിറം മങ്ങുന്ന യൂനിഫോമിനെ കുറിച്ചോ
ഇന്നലെ കമ്മലിൽ നിന്നും ഇളകിവീണ
കല്ലിനെക്കുറിച്ചോ ആകാം .
എന്നെ കുറിച്ച് ആണെന്ന്
നീ സമ്മതിക്കാൻ തരമില്ലാത്തതു കൊണ്ട്
ആ സാധ്യത ഞാനും തള്ളിക്കളയുന്നു.

ഇടക്കിടക്കുള്ള കണ്ണു നിറയൽ
അലോസരപ്പെടുത്തുന്നുണ്ടെങ്കിലും
അതൊരു സ്വാഭാവിക -
പ്രതികരണം ആണെന്നും
നീ മറ്റെന്തോ ചിന്തയിൽ
വ്യാപൃതയാണെന്നും ഞാൻ സമാധാനപ്പെടുന്നുണ്ട് .

ഒന്നുണ്ട് ; ബാൽക്കണിയിലോ
കാറിലോ ബസ് സ്റ്റോപ്പിലോ
നീ ഇങ്ങനെ ചിന്തയിൽ  മുഴുകുന്നത്
ഞാൻ കണ്ടിട്ടില്ല . അത്തരത്തിൽ
നിന്റെ സുഹൃത്തുക്കൾ
പറഞ്ഞു കേട്ടിട്ടുമില്ല .

നിന്നെ എനിക്ക് അറിയില്ലേ
എന്ന എന്റെ
അഹന്തയുടെ മുട്ടുകാൽ
ഓരോ സവാളയും എറിഞ്ഞുടയ്ക്കു
ന്നുണ്ട് .
കണ്ണെരിയും എന്ന കാരണം പറഞ്ഞു ഞാൻ
അപ്പോൾ നിന്നിൽനിന്നു ഒളിച്ചോടാറുമുണ്ട് .

അങ്ങനെ, സവാള അരിയുമ്പോൾ
നീ എനിക്ക് തികച്ചും അന്യയാകാറുണ്ട് .
ഹൈസ്കൂൾ കുട്ടിയുടെ
കൗതുകത്തോടെ, നെഞ്ചിടിപ്പോടെ
അല്പ്പം മാറിനിന്നു ഞാൻ നിന്നെ
ഒരുപാട് സ്നേഹിച്ചു പോകാറുണ്ട് .

സവാള അരിയുമ്പോൾ
നീ സ്വന്തമായി
ഒരു ലോകം സൃഷ്ട്ടിക്കുന്നുണ്ട് ....

Friday, October 11, 2013

ആർട്ടിക് ടേണ്‍ഓരോ യാത്രയും 
ഒരു  പ്രതീക്ഷയാണ് ..
കണ്ണെത്താത്ത  കാഴ്ചകൾ ...
കേട്ട് തീരാത്ത താളങ്ങൾ .

ആരും കാണാതെ, 
ഒരു വളവിനപ്പുറം വലിച്ചെറിയാം 
എന്ന്  കരുതി  കൂടെ എടുക്കുന്ന  
കുറെ അസ്വസ്ഥതകൾ ...

വീണ്ടും കാണാം  എന്നൊരു നുണയിൽ
ഒതുങ്ങുന്ന ബന്ധങ്ങൾ ..
ഒരു ചെറു ചിരി ഓർത്തെടുക്കാൻ 
ശ്രമിക്കുന്ന ചുണ്ടുകൾ ..

ലഹരിയുടെ ഇടനാഴികൾ ..
മനസ്സ്  നിറക്കുന്ന 
ആരവങ്ങൾ .
ഞൊടിയിടയിൽ 
ഒറ്റപ്പെടുത്തിക്കളയുന്ന തെരുവുകൾ,
ഒച്ചയനക്കം ഇല്ലാത്ത ഇടവഴികൾ .

ഒടുവിൽ 
മടങ്ങുമ്പോൾ,
ഓരോ യാത്രയും പറയുക
നഷ്ട്ടങ്ങളുടെ കണക്കാണ് ..

പോകാൻ മടിച്ച വഴികളുടെ ,
ഓർത്തെടുക്കാനാവാത്ത മുഖങ്ങളുടെ ,
ചെയ്യാൻ  കഴിയാതെപോയ 
തെറ്റുകളുടെ, ശരികളുടെ ..


വീണ്ടും ...
ഓരോ യാത്രയും ഒരു പ്രതീക്ഷയാണ് ...

Friday, June 28, 2013

മഴ ....

എത്ര
വേനലുകളാണ് ,
എന്റെ ഓർമ്മയിൽ
നീ
പെയ്തു തീർക്കുന്നത് ...

Tuesday, June 11, 2013

നരകത്തിൽനിന്നൊരു കവി പറഞ്ഞത് ...മുറിവുകൾ  ഉണങ്ങരുത്
ഓരോ മുറിവിലും
കവിതയുടെ വിത്തുകളുണ്ട് .
മുറിവിനോപ്പം
അതും ഉറഞ്ഞു പോകും .

മജ്ജയിൽ  വേരാഴ്ന്നു
ശിരസ്സിനെ  വരിഞ്ഞൊരു
മുൾചെടി .
നിനക്കിനി
വാക്കിന്റെ കുരിശ്‌ ...

Monday, May 13, 2013

മരണം ....

ഓർമ്മകളിലേക്ക്
ഒരു
പിറവി ....

Wednesday, May 8, 2013

ദിനാന്തം ..

സെക്കൻറ് ഷോ ....
വണ്‍സയിഡ് ഡബിൾ .
ഗോൾഡ്‌ ഫ്ലയ്ക് ..
നീണ്ടു പോകുന്ന രാത്രി .

ദിവ്യ വെളിച്ചത്താൽ
കാലിക്കൂട്ടത്തെ അനുഗ്രഹിച്ച്
കൂനിക്കൂടിയൊരു തെരുവ് വിളക്ക് .
കവലയിൽ നിന്നും ഇരുട്ടിലേക്ക്
വലിച്ചെറിയപ്പെട്ട  വഴികൾ .
സിമിത്തെരിയുടെ
കൊതിപ്പിക്കുന്ന ശാന്തത .
മരവിച്ച  ചരക്കുവണ്ടികൾക്കിടയിൽ
പട്ടിണിയുടെ ഞെരക്കം .
മുല്ലപ്പൂവിന്റെ നാറ്റം ...

കപ്പേളക്കരികിലിരുന്നൊരു
സിഗരറ്റിനു തീകൊളുത്തുമ്പോൾ
കേട്ടൊരു പ്രാര്ത്ഥന ..
തമ്പുരാനേ  നിന്റെ കനിവെന്നിൽ
നിർലോഭം തുടരണമേ ..
നേർച്ചപ്പെട്ടിയിൽ
സ്വപ്നങ്ങളുടെ നിലവിളി .
മുല്ലപ്പൂവിന്റെ നാറ്റം ..

Tuesday, May 7, 2013

പെട്ടന്ന് ..എത്ര പെട്ടന്നാണ്
ഈ  ലോകം
ഇത്ര ചുരുങ്ങി പോയത് .
അനേകം ജനാലകളുള്ള വീട്ടിൽനിന്നും
ഒറ്റമുറി ഇരുട്ടിലേക്ക് .

എത്ര പെട്ടന്നാണ്
നാലാളറിഞ്ഞതും ,
പുതിയ കിടപ്പറ കാണാൻ
പൂവും പ്രാർത്ഥനയുമായി
നാടാകെ തടിച്ചു കൂടിയതും .

എത്ര പെട്ടന്നാണ്
വാതിലടഞ്ഞതും
മുകളിൽ മണ്ണുവീണതും,
നിങ്ങൾ തെളിച്ച മെഴുകുതിരികളെല്ലാം
കരഞ്ഞു തീർന്നതും .

Tuesday, April 16, 2013

പ്ലീസ് എക്സ്ക്യുസ് മി ....
നീ 
ഒരു ഇല പൊഴിയുന്ന  ശബ്ദം കേട്ടിട്ടുണ്ടോ ?

ഇല്ല .. 

കടലാസിൽ മഷി പടരുന്ന ശബ്ദം ?

ഇല്ല... 

ഒരു തുള്ളി കണ്ണുനീർ അടർന്നു  വീഴുന്നത് ?

ഹൊ... ഇല്ലേ ഇല്ല ..... 

പിന്നെ, എങ്ങിനെ നീ എന്റെ  മൌനങ്ങളെ .... !!

Thursday, April 19, 2012

വണ്‍വെ...
രാത്രി യാത്ര രസമാണ് 
ദീര്‍ഘ ചതുരമായി ഭൂമി.
വണ്ടിയുടെ മുന്‍വിളക്കുകള്‍   
പുതിയ പാതകള്‍ വെട്ടും .   
പിന്നിടുംതോറും മുന്നില്‍ -
ഇഴഞ്ഞിഴഞ്ഞു നീളുന്നവ.
മഴയുടെ കണ്ണുപൊത്തിക്കളി ,വൈപ്പര്‍ .
ലോകം പിന്നെയും ചെറുതാകും .
ചുരം കയറി മലമുകളില്‍ ചെന്ന് 
പകലിനെ വിളിച്ചുണര്‍ത്തണം.
തിരിച്ചിറങ്ങുമ്പോള്‍ മഴ മാറിക്കാണുമോ ! 
നനഞ്ഞു കുതിര്‍ന്ന വഴി 
എവിടെയെങ്കിലും 
ചുരുണ്ടുകൂടി കാണുമോ !

Wednesday, February 1, 2012

വരാല്‍ ..


 കരഞ്ഞു പറഞ്ഞിട്ടും
കിണഞ്ഞു ശ്രമിച്ചിട്ടും,
കൈപ്പിടിയിലൊതുങ്ങാതെ  
വഴുതിക്കളിക്കുകയാണ്
ജീവിതം .
 

Wednesday, January 18, 2012

വേട്ട..


നഖം
മിനുക്കുന്നുണ്ട്‌ ;
നാളെയുടെ 
പൊന്തയില്‍
ഒളിച്ചിരുന്ന്
   ഇന്നലെകള്‍ .

Friday, October 14, 2011

ബൂര്‍ഷ്വ


നിന്റെ സ്നേഹം
എന്നെ സമ്പന്നനാക്കുന്നു,
നിന്റെ സാമീപ്യം
എന്നെ സ്വാര്‍ത്ഥനാക്കുന്നു,
ചുരുക്കത്തില്‍, നീ എന്നെ
കമ്മ്യൂണിസ്റ്റല്ലാതാക്കുന്നു.               

Thursday, October 13, 2011

വിശപ്പ്‌


കരുതിവക്കുക
കാലമേ
കവിതയുടെ
കടവില്‍
തൂശനിലത്തുമ്പില്‍
എനിക്കായ്
ഒരുപിടിച്ചോറ്,
എള്ളും പൂവും ചേര്‍ത്ത് . 

Wednesday, May 25, 2011

സസ്യശാസ്ത്രം

 ഇത്തിക്കണ്ണി

അടര്‍ത്തിമാറ്റാന്‍
ആകുന്നില്ല ,
ഹൃദയത്തില്‍ നിന്നും
നിന്റെ ചുംബനത്തിന്റെ
വേരുകളെ ..
നീലച്ചടയന്‍ 

പ്രണയത്തിന്റെ
കെട്ടിറങ്ങിയപ്പോഴാണറിഞ്ഞത്

എരിഞ്ഞുതീര്‍ന്നത്‌
ഹൃദയമായിരുന്നെന്ന്.

Friday, May 20, 2011

കാണാപ്പുറം

ചിലര്‍ ബലൂണ്‍ പോലെ 
എല്ലാം ഉള്ളിലൊതുക്കി 
വീര്‍ത്ത് ,വീര്‍പ്പുമുട്ടി ;

ചിലര്‍  ചില്ലുകുപ്പി  പോലെ 
എല്ലാം കാഴ്ച്ചക്കെറിഞ്ഞ് ,
തെളിഞ്ഞ്‌ ;   

ഇനിയും ചിലര്‍ 
ചിരിയുടെ മറതീര്‍ത്ത് 
കരഞ്ഞ് , പഴിച്ച് ;

എന്നാണാവോ 
മനസ്സളക്കാനുള്ള 
സോഫ്റ്റ്‌വെയര്‍ 
മൈക്രോസോഫ്റ്റ് 
പുറത്തിറക്കുന്നത് .

Tuesday, May 17, 2011

കരുതല്‍


പ്രണയത്തില്‍
എല്ലാം
വളരെ
സൂക്ഷിച്ചു
വേണം .
ഒരക്ഷരം
പിഴച്ചാല്‍
മതി
'പ്രളയം'
വരാന്‍ .

Monday, May 16, 2011

പേരിടല്‍

ഭര്‍ത്താവ് മനസ്സിലോര്‍ത്തു
ആദ്യത്തെ കുഞ്ഞിന് ,
ചുംബനത്തിന്റെ -
ചൂടാദ്യം പകര്‍ന്ന
കാമുകിയുടെ പേര് .
ഭാര്യ ഉറപ്പിച്ചു
ആദ്യത്തെ കുഞ്ഞിന് ,
നാണത്തിന്റെ -
അര്‍ത്ഥം പഠിപ്പിച്ച
കളിക്കൂട്ടുകാരന്റെ പേര് .
പിറന്നയുടനെ കുഞ്ഞ് കരഞ്ഞു
ഞാന്‍ , നിങ്ങള്‍ക്കിടയില്‍
പിറക്കാതെപോയ
പ്രണയത്തിന്റെ നേര് .

Saturday, May 14, 2011

അടയാളം

സ്വപ്നങ്ങളില്‍
സപ്തവര്‍ണ്ണങ്ങള്‍ -
ഉണ്ടായിരുന്നിട്ടും,
കവിളില്‍
പടര്‍ന്നൊഴുകിയ
കണ്മഷി -
കറുപ്പിനാലാണല്ലോ
നിനക്കെന്നെ
ജീവിതത്തിലേക്ക്
പകര്‍ത്തിയെഴുതേണ്ടിവന്നത് .

Friday, May 13, 2011

മറുചോദ്യം

ഇന്നലെയാണ്
ഓര്‍ക്കുട്ടില്‍ ചേര്‍ന്നത്‌ .
പ്രൊഫൈല്‍ ചോദ്യങ്ങള്‍ക്ക്
ഉത്തരമെഴുതുന്നതിനിടയില്‍
ഒരു ചോദ്യം എന്നെ
വല്ലാതെ വലച്ചു ;
"എബൗട്ട്‌ മി"
അതെ, എന്നെക്കുറിച്ച് .
ഒന്നും
എഴുതാനില്ലാതിരുന്നതുകൊണ്ട്
ഒരു കുത്തിട്ടു നിര്‍ത്തി .
എന്നാല്‍ ഇന്നിപ്പോള്‍
അത് വലുതായി ,
ഒരു ചോദ്യചിഹ്നമായി
ഒരുപാട് പേരുടെ
മുന്നിലങ്ങനെ ...

Monday, May 2, 2011

ആത്മകഥ ..


നിന്റെ
പേരുകൊണ്ടൊറ്റവാക്കില്‍
ഞാനെന്റെ
ജീവിതമെഴുതിവെക്കുന്നു.

Sunday, May 1, 2011

വിവാഹം

ഒരു നുള്ള്
കുങ്കുമം കൊണ്ട്,
ഒരധിനിവേശം.

Friday, April 15, 2011

പുനര്‍ജന്മം...

ചിലര്‍ അങ്ങിനെയാണ് ...
ഉരഞ്ഞു ഉരഞ്ഞു
തീരാനുള്ളതാണ്
അവരുടെ ജീവിതം .
പ്രതാപത്തില്‍ നിന്നകന്ന്
പ്രണയം നിഷേധിക്കപ്പെട്ട്
പടിക്ക് പുറത്തെന്നെന്നും
വിധിക്കപ്പെട്ട് ....

പക്ഷേ,
വണ്ടിപേട്ടയില്‍
കണ്ടുമുട്ടുന്ന ടയറുകള്‍
അടക്കം പറയുന്ന
ഒരു പഴങ്കഥയുണ്ട്
നിരത്തിനെ ചുംബിച്ചു ചുംബിച്ചു
ഒടുവില്‍ ഹൃദയം പൊട്ടി
മരിക്കുന്നവ
റോഡ്‌ റോളര്‍ ആയി
പുനര്‍ജനിക്കാറുണ്ടത്രേ ..

നീയോ ഞാനോ ?


സുഹൃത്തേ
ഇന്നലെ ഞാന്‍
പരാജയപ്പെട്ടു ..
നീയോ ......

കവിതയും പ്രണയവും
വിപ്ലവവും
പെയ്തിറങ്ങിയ
സ്വപ്നങ്ങളില്‍ ,
പലപ്പോഴും നമുക്ക്
ഞാനെന്നോ നീയെന്നോ
വേര്‍തിരിക്കാന്‍
പോലുമായിരുന്നില്ല.

എന്നിട്ടും,
ഒരു മസോക്കിസ്റ്റ്
നിന്നില്‍ വളരുന്നതും
പ്രണയ മുറിവിലൂടെ
നിന്റെ ജീവിതം
വാര്‍ന്നു പോകുന്നതും
ഞാന്‍ തിരിച്ചറിഞ്ഞില്ല.

സ്വയം തീര്‍ത്ത
പ്രതിക്കൂട്ടില്‍
തെറ്റുകാരനായ്
കയറിനിന്നതും
നിനക്കായ്‌ വാദിക്കാന്‍ പോലും
അനുവദിക്കാതെ
ശിക്ഷ വിധിച്ചതും
എന്തിനായിരുന്നു .

എങ്ങോട്ടെന്നില്ലാത
ഒരു ട്രെയിന്‍ യാത്രയില്‍
ഒരിക്കല്‍ പറഞ്ഞിരുന്നു
നീ ഒരു പഴയ
ആവി എഞ്ചിനാണെന്ന് .
അതിന്റെ വേവ്
ഞാന്‍ ഇന്നാണറിയുന്നത് .

പതിവുപോലെ ,
വിലകുറഞ്ഞ മദ്യത്തില്‍
കുറച്ചു, നീ
എനിക്കായ്
മാറ്റിവെച്ചിരുന്നു .
മേശമേല്‍
റെയില്‍വേ ടൈം ടേബിള്‍
മലര്‍ന്നു കിടന്നിരുന്നു.

ഒരു തുണ്ട് കടലാസില്‍
കുനു കുനെ വരച്ച
കുറെ നക്ഷത്രങ്ങള്‍ക്കൊപ്പം
ഹൃദയത്തില്‍ ഒരു മുറിവും
ഓര്‍മ്മകളില്‍ , വീട്ടാനാവാത്ത
കടങ്ങളും ബാക്കിയാക്കി
നീ ഇറങ്ങിപോയതെങ്ങോട്ടാണ് .

ഇല്ല ; ഇന്ന് നിന്നെ
തേടിയിറങ്ങാന്‍ എനിക്കാവില്ല .
എന്തെന്നില്ലാതെ
എല്ലാ തീവണ്ടികളും
ഇന്നലെ കൃത്യ സമയം
പാലിച്ചിട്ടുണ്ട് ..........

Wednesday, March 2, 2011

മരണഭയം

ഏതോ രാത്രിയാത്രക്കിടെ
കൈവിട്ടു പോയതാണ് .
തേടിയലഞ്ഞില്ല ,
തിരികെ വന്നതുമില്ല .

പിന്നെ, ചില മരണ വീടുകളില്‍
നിറം മങ്ങിയ മിഴികളില്‍
ഇടയ്ക്കിടെ കണ്ടിട്ടുണ്ട് ..
കണ്ണുകള്‍ അത്രയും നിറഞ്ഞത്‌
മരിച്ചവനെ ഓര്ത്തിട്ടാവുമെന്നു
ഞാന്‍ കരുതുന്നില്ല .

ഇപ്പോഴും, നിനച്ചിരിക്കാതെ
ചിലപ്പോഴൊക്കെ അലട്ടാറുണ്ട് .
കൂട്ടുകാരനുമൊത്ത്
ഒരു കൈക്ക് ചീട്ടിടുമ്പോള്‍ ,
വിളംബിയതത്രയും കഴിക്കണമെന്ന്
പെങ്ങള്‍ നിര്‍ബന്ധം പിടിക്കുമ്പോള്‍ ,
അവളുടെ കുഞ്ഞിന്റെ കണ്ണില്‍
എനിക്ക് വേണ്ടി ആയിരം -
നക്ഷത്രങ്ങള്‍ തെളിയുമ്പോള്‍ .

Saturday, February 19, 2011

പ്ലാറ്റ്ഫോമിലെ പെണ്‍കുട്ടിനിന്റെ
സാരി വിടവുകള്‍
എന്നില്‍
കൗതുകം
വിടര്‍ത്തിയേക്കാം .
പക്ഷേ
തീര്‍ച്ച ,
നിന്റെ
നിസ്സഹായത
എന്നില്‍
കാമം നിറക്കില്ല .

മേഘസന്ദേശംനിന്നിലേക്കെത്തും മുന്‍പേ
എന്റെ കവിളില്‍
പെയ്തൊഴിഞ്ഞതത്രയും.

Monday, December 27, 2010

ഹസ്തരേഖ ...

എനിക്കെന്റെ
കുഞ്ഞുങ്ങളെ
ഊട്ടാന്‍
ഭയമാണ് .
ഉരുളയില്‍
പതിഞ്ഞാ
നിര്‍ഭാഗ്യരേഖകള്‍
അവരിലേക്ക്‌
സംക്രമിക്കും
എന്ന ഭയം .

Friday, November 26, 2010

പാളങ്ങള്‍
ഒരിക്കലും കൂട്ടിമുട്ടാത്ത
സമാന്തരങ്ങള്‍ .
എങ്കിലും
പറിച്ചെറിയാനാവാത്ത
എന്തോ ഒന്നിനാല്‍
പരസ്പരം
ബന്ധിക്കപ്പെട്ടിരുന്നു .
ഒരു വിദൂരപ്പ്രതീക്ഷയിലെങ്കിലും
അലിഞ്ഞുചേരാമെന്ന
വിചിത്രകല്‍പ്പനക്കുമീതെ
ഏതോ ദുരന്തം എന്നും
എപ്പോഴും നമ്മെ ചൂഴ്ന്നുനിന്നു .
ഇടയ്ക്കിടയിലൂടെ
കിതച്ചുപായുന്ന സ്മൃതികളില്‍
കണ്ണീരിനു വീണ്ടും
കനംവെച്ചുകൊണ്ടിരുന്നു .
.

Wednesday, November 24, 2010

ഇന്നലെകള്‍ ......

ഡോക്ടര്‍ കണ്ണടയ്ക്കെഴുതിയപ്പോള്‍
ആദ്യം ഓര്‍മ്മവന്നത് നീട്ടിപിടിച്ച
ലെന്‍സിനു കീഴെ
കരിഞ്ഞൊടുങ്ങിയ ഉറുമ്പുകളെ .
എത്ര സൂര്യന്മാരെയാണ്
അവയ്ക്ക് നേരെ തൊടുത്തുവിട്ടത് .

ഉറുമ്പുകളെക്കുറിച്ചോര്‍ത്തു കരഞ്ഞ
ചങ്ങാതിയെ പരിഹസിച്ചിട്ടുണ്ട് ,
പിന്നീടവനെ ഉറുമ്പരിക്കുന്നത്
നോക്കിനില്‍ക്കേണ്ടി വന്നിട്ടുണ്ട് .

ഇനി തെളിഞ്ഞ കാഴ്ച്ചയുടെ
തീയില്‍ എന്റെ കണ്ണുകള്‍ എരിയും .
പോയകാലത്തുനിന്നും എന്നെത്തേടി
ഉറുമ്പുകള്‍ യാത്ര തുടങ്ങിയിട്ടുണ്ട് .

Monday, November 22, 2010

ദൈവത്തിന്റെ വികൃതികള്‍ (1)വൈധവ്യം ....
വെളുപ്പായിരുന്നു
അവളുടെ ഇഷ്ടനിറം.
അതുകൊണ്ടാകും
എന്നും വെള്ളയുടുക്കാന്‍ ,
ചോരയില്‍ കുതിര്‍ന്നൊരു
ടെലെഗ്രാം ദൈവം
ഇത്രപെട്ടന്നവള്‍ക്ക്
അയച്ചുകൊടുത്തത് ...

Wednesday, October 27, 2010

വേലി

ഞങ്ങളുടെ പറമ്പുകള്‍ക്ക്‌
അതിരിട്ടത് മൈലാഞ്ചിയും
ചെമ്പരത്തിയും കുറുകെപടര്‍ന്ന
മുല്ലയുമെല്ലാമായിരുന്നു .

ഓരോ കല്ല്യാണത്തിനും,
പെരുന്നാളിനും
കൂട്ടത്തോടെ വിരുന്നുപോയിരുന്ന
മൈലാഞ്ചിയിലകള്‍ .
ചിരട്ടയില്‍ വിളമ്പുമ്പോള്‍
മധുരമായ ചെമ്പരത്തി .
ഉണ്ണിമൂത്രം കുടിച്ചു വളര്‍ന്നെങ്കിലും
സ്വര്‍ഗ്ഗീയ സുഗന്ധം പടര്‍ത്തിയ മുല്ല .

വകഞ്ഞുമാറ്റിയൊരു വിടവിലൂടെ
കറിയും കടവും മാത്രമല്ല
ഹൃദയങ്ങളും കൈമാറിയിരുന്നു .

ആ വേലികള്‍ ; ഞങ്ങളുടെ
മനസ്സിന്റെ അതിരുകളെ
അതിര്‍ത്തി കടത്തിയിരുന്നു .

Sunday, October 24, 2010

ഉണങ്ങാത്ത മുറിവുകള്‍ ..


ഒരു തുലാമാസ സന്ധ്യക്കാണ്‌
അവള്‍ എന്നോട് തന്റെ
പ്രണയം പറഞ്ഞത് .......
വേട്ടയ്ക്ക് മുന്‍പ്
ഇരയോട്‌
അനുവാദം ചോദിച്ചത് .

Saturday, October 23, 2010

വിരുദ്ധര്‍

ചിലര്‍ വിപ്ലവത്തെ
വഴിയിലുപേക്ഷിക്കുന്നു.
ശേഷിക്കുന്നവര്‍ക്ക്
പുതു വിപ്ലവകാരികള്‍
പിണ്ഠം വെക്കുന്നു .

Thursday, October 21, 2010

ചെങ്കോലും കിരീടവും ഇല്ലാത്ത ചിലര്‍ ..

ഓട്ടപ്പാത്രത്തില്‍ വെള്ളം
കോരുന്നവന്റെ ദാരിദ്ര്യം
മറ്റുള്ളവര്‍ക്ക്
പരിഹാസമായിരുന്നു .

അവന്റെ വഴിയില്‍
മണ്ണ് നനയുന്നതും
അവിടെ പ്രതീക്ഷകള്‍ക്ക്
വേരുറക്കുന്നതും ആരും
ശ്രദ്ധിച്ചില്ല .

Wednesday, October 20, 2010

പരിണാമം ..നിന്റെ ഉദരത്തില്‍
പുതുജീവന്‍ കുരുത്തപ്പോള്‍
അവന്‍ ആണായി
നീ പിഴച്ചവളും .

Tuesday, October 19, 2010

വത്യാസം കണ്ടുപിടിക്കുക

എന്റെ കവിത ചുവപ്പായിരുന്നു,
അവളുടെ കവിളും .
എന്നിട്ടും എന്റെ ഹൃദയവും
ചെമ്പരത്തിപ്പൂവും
അവള്‍ക്കൊരിക്കലും
വേര്‍തിരിക്കാനായില്ല.

ഓര്‍മ്മ


ഓര്‍മ്മയുടെ അലമാരയില്‍
ഇന്നലെ തിരഞ്ഞപ്പോളാണ്
നന്നായി അടുക്കിയിരുന്ന
കുറെയെണ്ണം നഷ്ട്ടമായതറിഞ്ഞത് .
മറവിയുടെ ഏത് പെട്ടിയിലാണ്
അതിട്ടതെന്നു എത്ര ശ്രമിച്ചിട്ടും
ഓര്‍മ്മ വരുന്നില്ല .

അന്ത്യാഭിലാഷം

വൈകല്യം പേറി
പിറന്നുകൊണ്ട്
എഴുതുന്ന
ഓരോ കവിതയും
എന്റെ ആയുസ്സ്
നീട്ടുകയാണ് .
ഒരു നല്ല കവിത,
അതെന്റെ
ജീവന്‍ എടുത്തേക്കും .

മിത്ത് (Myth .. സ്നേഹപൂര്‍വ്വം അഭിക്ക് )

നീ ഒരു വിത്ത് ;
മഴയില്‍
മുളക്കാന്‍ മറന്നത് .
തീയില്‍
എരിയാന്‍ മടിച്ചത് .

നീ ഒരു വിത്ത്;
ഉള്ളില്‍ വന്മരമായ്‌ വളര്‍ന്നത് .
മണ്ണും വെയിലും
ഇല്ലാത്തതിനാല്‍
ഹൃദയങ്ങളിലേക്ക്
വേരിറക്കിയത് .

നീ ഒരു വിത്ത് ;
മനസ്സ് മുളക്കാത്ത
മോണ്‍സാന്റൊകള്‍ക്ക്
മുന്നില്‍
ഒരു മിത്ത് .

Saturday, October 9, 2010

അബോര്‍ഷന്‍

പണ്ട്,
എണ്ണമറ്റ
കഷണങ്ങളായ്
കൂട്ടുകാരി എന്റെ
പ്രണയത്തെ
കീറിക്കളഞ്ഞു.

പിന്നീട്,
ഹൃദയം രണ്ടായി
പിളര്‍ന്ന്
മറക്കാനുള്ള
മരുന്ന് കുറിച്ച്
കാമുകിയും.

ഇന്നിപ്പോള്‍ ,
ഒരു താലിയില്‍ കുരുങ്ങി
ജീവിതം പങ്കിടാന്‍
വന്നവളെ നിന്റെ
ഗര്‍ഭപാത്രവും...

Monday, October 4, 2010

പഞ്ചായത്ത് കിണര്‍

ഗ്രാമത്തിന്റെ മുഴുവന്‍
ഹൃദയം തൊട്ടൊരു
യൗവ്വനമുണ്ടെനിക്ക് .

ഒറ്റയ് ക്കൊറ്റക്ക്‌
കുടംനിറയെ പരാതികളും
പരിഭവങ്ങളുമായി
വന്നിരുന്നവര്‍ .

സോപ്പും പൊടിനീലവുമായി
കൂട്ടത്തോടെവന്നു കൊളുത്തില്ലാത്ത
പിന്‍വാതില്‍ കഥകളുടെ
ഭാണ്ഡമഴിച്ചവര്‍ .

കാത്തിരുപ്പിനിടയില്‍
ഒരു ചെറുകല്ലുകൊണ്ട്
തരംഗ തത്വങ്ങള്‍
അറിയാതെ അറിഞ്ഞവര്‍ .

വീട്ടിലേക്കുള്ള
വഴിയടയാളമായ്
എനിക്ക് സ്ഥിരനിയമനം
തന്നവര്‍ ....

വേരു കണക്കെ
വാട്ടര്‍ അതോറിറ്റിയുടെ
കുഴലുകള്‍ പടര്‍ന്നതോടെയാണ്
ഒറ്റപ്പെട്ടു തുടങ്ങിയത് .

ഉന്മാദത്തിന്റെ
മൂര്‍ധന്യതയില്‍ ഒരുവന്‍
ജീവിതം കൊണ്ടെന്റെ
ആഴമളന്നതില്‍പിന്നെ
ആരും വരാതെയായി .

Friday, September 17, 2010

ഓണ്‍ലൈന്‍ ഡിക്ഷനറി

പ്രണയം
തിരഞ്ഞപ്പോള്‍
കണ്ടത്
പണയവും
പരിണയവും
മാത്രം .

അമ്മ...
മറ്റൊരന്നനാളത്തിലൂടെ
നിറയുന്ന മനസ്സ് .


..

പ്രണയനഷ്ടം
എനിക്കുമുണ്ടായിരുന്നു ;
കാലാന്തരത്തില്‍
പേ പിടിച്ച
ഒരു വളര്‍ത്തുനായ .

Tuesday, September 7, 2010

ഒരു കുടം കള്ള്

അടിയില്‍ ;

ഉന്മാദ-
ദശയിലെപ്പോഴോ
ജീവന്‍ വെടിഞ്ഞ
ഒരു വണ്ട് .

മുകളില്‍ ;

പാതി വെളിവില്‍
മരണത്തിന്റെ
വ്യാസമളന്ന്‌
ഒരു ഉറുമ്പ് .

ഇടയില്‍ ;

നുരഞ്ഞ്‌
പതഞ്ഞ്
ഞാനും
നീയും .

Friday, September 3, 2010

തണല്‍

നിന്റെ കുപ്പായവും
നീ തന്ന നൂറു രൂപയും ;
ഒരു പേക്കിനാവിനു
ലെവി കൊടുക്കേണ്ട
നിന്റെ ദുര്യോഗം,
എന്റെ അന്നം.

മദ്യശാലയില്‍
നൂറു രൂപയ്ക്ക് ഞാന്‍
വിറ്റു തീരുമ്പോള്‍
ഓര്‍മ്മയുടെ ഭൂപടത്തിലെങ്ങും
നിന്റെ തണല്‍ .

ഇന്നലെയും കണങ്കാലില്‍
തെരുവു ശ്വാനന്റെ കൗതുകം.
ഇന്നലെയും കരിപടര്‍ന്ന
മിഴികളോട്
കടം പറഞ്ഞ കഷ്ടകാലം.

രാത്രിയുടെ ഗര്‍ഭപാത്രം
പകലിലേക്കെന്നെ
പടിയിറക്കുന്നു .
വീണ്ടും നിന്റെ കുപ്പായവും
വിയര്‍പ്പുണങ്ങാത്ത
നൂറു രൂപയും .
ഭൂപടത്തില്‍ തണല്‍ വളരുന്നു.


പിഴച്ച കിനാവിന്റെ തീരത്ത്;
കണ്ടാല്‍
തിരിച്ചെടുക്കാന്‍ മറക്കണ്ട ,
മെരുങ്ങാന്‍ മടിക്കുന്ന
നാറ്റത്തെ പൊതിഞ്ഞ
നിന്റെ കുപ്പായവും
നീ തന്ന നൂറു രൂപയും.

Monday, August 30, 2010

ഒന്നാമത്
സുവോളജി ലാബില്‍
അവളായിരുന്നു
ഒന്നാമത് .
എന്റെ ഹൃദയം
പലതവണ
കീറിമുറിച്ച
അവള്‍ക്ക്
മണ്ഡൂക ഹൃദയം
കണ്ടാല്‍
കൈ വിറക്കില്ലല്ലോ.

Sunday, August 29, 2010

ബെസ്റ്റ് ഫ്രെണ്ട്

പരിഭ്രമത്തോടെയാണ്
അവന്‍
അതെന്നെ കാണിച്ചത് .
മൂന്ന് ഇഞ്ച്‌ ടച്ച് സ്ക്രീനില്‍
ഒളിക്കാമറ വിഴുങ്ങിയ,
എന്റെ പ്രിയ കൂട്ടുകാരിയുടെ
നഗ്നത.
ഒരു നിമിഷത്തെ
ഞെട്ടലില്‍ നിന്നും
പുറത്തു കടന്നു ഞാന്‍
പൊടുന്നന്നെ ബ്ലു ടൂത്ത്
ഓണ്‍ ആക്കി .

ബാലപാഠം

ഓണപ്പരീക്ഷയ്ക്ക് ,
വീട് കാക്കുന്ന മൃഗം
അച്ഛന്‍ എന്നെഴുതിയ
എന്റെ നിഷ്കളങ്കത
പരിഹസിക്കപെട്ടു .
മുരളി സാറും
ജലജ ടീച്ചറും
അതൊരാഘോഷമാക്കി.

പരിസരത്തെങ്ങും
ഒരു നായയില്ലാതിരുന്നിട്ടും ,
ഞങ്ങളുടെ വീടുകള്‍
സംരക്ഷിക്കപെടുന്നതിലെ
യുക്തി അവര്‍ക്കെന്തേ
മനസ്സിലാകുന്നില്ല .

ഉച്ചക്ക് ,
മൂത്രപ്പുരയുടെ
മതിലില്‍
മുരളി സാര്‍ + ജലജ ടീച്ചര്‍
എന്ന് ഉരുട്ടി വരച്ചപ്പോഴാണ്
മനസ്സൊന്നു തണുത്തത്‌ .

ഇര

കരുതലിന്റെ
ലേപനം പുരട്ടി
നിര നിരയായി
നീങ്ങുന്ന ഉറുമ്പുകളില്‍
ചിലതിനു
വഴി തെറ്റാറുണ്ട്.
സൂക്ഷിക്കണം,
ചതിയുടെ മരണക്കിണര്‍
തീര്‍ത്ത് കുഴിയാനകള്‍
കാത്തിരിപ്പുണ്ട് .

Wednesday, August 25, 2010

മോര്‍ച്ചറി

മഞ്ഞ മതില്‍ക്കെട്ടിനുള്ളില്‍
കാട് പിടിച്ച മൂലയ്ക്ക്
എനിക്കും കിട്ടി
ഒരു വീട് .

ഇനി ആരാണാവോ
വെള്ള പുതച്ച്‌
എന്നെ
കുടിയിറക്കാന്‍ വരുന്നത്.

കാക്ക


വിരുന്നു വിളിക്കണം
ബലിയുണ്ണണം
നാടായ നാടെല്ലാം
കൊത്തി വെളുപ്പിക്കണം.

എന്നിട്ടും,
തീണ്ടാപാടകലെത്തന്നെ
പറവകളിലെ
ദളിത ചിഹ്നം.

യാത്രാമൊഴി

നമുക്ക് പിരിയാം
ഒരിക്കലും
കാണാതിരിക്കാന്‍
ഓര്‍ക്കാതിരിക്കാന്‍ .
വീണ്ടും കണ്ടുമുട്ടിയാല്‍
മുഖം തിരിക്കാം
പരസ്പരം
മരിച്ചതായ് കരുതാം.
ഓര്‍മ്മ ദിവസത്തില്‍
വീണ്ടും വീണ്ടും
മറക്കാം.
ഒടുവില്‍ ,
ഇതിനൊന്നും
കഴിഞ്ഞില്ലങ്കില്‍
നമുക്ക് പ്രണയിക്കാം.

Saturday, August 7, 2010

സുഹൃത്തിന്

പങ്കുവെക്കലിന്റെ
ശാസ്ത്രം
നാം
പഠിച്ചത്
ഹൃദയം
പകുത്തുകൊണ്ടല്ലോ.

Thursday, July 29, 2010

റിമൈന്‍ഡര്‍

നിന്റെ ഓര്‍മ്മയ്ക്കായ്
ഞാന്‍
ഒരു റോസാച്ചെടി നട്ടു.
പൂ വിരിഞ്ഞില്ലെങ്കിലും
അതിന്റെ മുള്ളുകള്‍
എന്നും
എന്നെ
മുറിവേല്‍പ്പിക്കുന്നുണ്ട്.

Wednesday, July 28, 2010

ജീവപര്യന്തം

വീട് ഒരു തടവറ.
ചെറുതും വലുതുമായി
സ്നേഹത്തിന്റെ
കുറെ അഴികള്‍ .

പുറത്ത്
സൗഹൃദത്തിന്റെ
കാവല്‍ .
പ്രണയം,ഹൊ!
ഒരു വന്മതില്‍ .

ഒരായുസ്സിന്റെ
തടവ്‌ വിധിക്കാന്മാത്രം
എന്റെ തെറ്റെന്ത് .

Tuesday, July 27, 2010

ആത്മഹത്യ

ആദ്യം വിളിച്ചത് ബാബുവാണ്
പിന്നീട് ജയന്‍ , അബ്ദു ,
അനിത, സേവിയര്‍ ........
ഫോണിന്റെ ഇങ്ങേ തലക്കല്‍
ഞാനുണ്ടെന്നറിഞ്ഞപ്പോള്‍
അപ്പുറത്ത് സന്തോഷം, പരിഹാസം
വാക്ക് തെറ്റിച്ചതിലുള്ള പരിഭവം.
എനിക്ക് ചിരി വന്നു,
നേത്രാവതി രണ്ടു മണിക്കൂര്‍
വൈകിയോടുന്നത്
അവരറിഞ്ഞിട്ടില്ല.

Saturday, July 24, 2010

സഖാവ്

തീ പിടിച്ച
കാലുമായ്‌
തിടുക്കത്തില്‍
ഓടവെ,
നെഞ്ചില്‍
കനലുമായ്
എതിരെ
വന്നവന്‍
ചോദിച്ചു
'ബീഡി ഉണ്ടോ ?'

ഗര്‍ഭം

ആരോടും പറഞ്ഞില്ല,
രണ്ടു ദിവസമായി
ഒരു സംശയം.
മനം പുരട്ടി
എന്തൊക്കയോ
തികട്ടി തികട്ടി ,
ഒരേ ആലസ്യം.
രാവിലെയാണ്
ഉറപ്പിച്ചത്
ച്ഛെ !
വീണ്ടും
എത്ര
മുന്‍കരുതല്‍ എടുത്തിട്ടും
ഒരു കവിതയുടെ ഭ്രൂണം
എന്റെയുള്ളില്‍
അങ്ങിനെ.

Friday, July 23, 2010

പ്രണയ ലേഖനം

നിലാവും
നിറദീപവും,
കളിവള്ളവും
കരിവളകളും,
പുഞ്ചിരിയും
പൂമണവും,
എന്തിന്,
ടേക്ക് കെയര്‍
അടിമത്തങ്ങള്‍ വരെ
ക്ലീഷേകളായി.
സദാചാരത്തിന്റെ
പെരും നുണകള്‍ക്കപ്പുറം
എനിക്ക് നിന്റെ
മാംസം വേണം
പച്ചയ്ക്ക്.

മുന്‍ഗാമികള്‍

ഇരുട്ടിനെ
വെല്ലുവിളിക്കുന്ന
മിന്നാമിനുങ്ങുകള്‍ക്ക്
അറിയില്ലല്ലോ,
നക്ഷത്രങ്ങള്‍
അവര്‍ക്കു മുന്‍പേ
തോറ്റു
മടങ്ങിയവരെന്ന്.

ജീവിതം

ഓടി
ഒളിക്കാനല്ല,
എഴുന്നേറ്റു
നില്‍ക്കാനുള്ള
സമയമാണ്
ഞാന്‍
ചോദിച്ചത്.
അപ്പോഴേക്കും
നീ
പറഞ്ഞു
കളഞ്ഞല്ലോ,
ഒളിച്ചാലും
ഇല്ലെങ്കിലും,
'സാറ്റ് '.