Friday, September 3, 2010

തണല്‍

നിന്റെ കുപ്പായവും
നീ തന്ന നൂറു രൂപയും ;
ഒരു പേക്കിനാവിനു
ലെവി കൊടുക്കേണ്ട
നിന്റെ ദുര്യോഗം,
എന്റെ അന്നം.

മദ്യശാലയില്‍
നൂറു രൂപയ്ക്ക് ഞാന്‍
വിറ്റു തീരുമ്പോള്‍
ഓര്‍മ്മയുടെ ഭൂപടത്തിലെങ്ങും
നിന്റെ തണല്‍ .

ഇന്നലെയും കണങ്കാലില്‍
തെരുവു ശ്വാനന്റെ കൗതുകം.
ഇന്നലെയും കരിപടര്‍ന്ന
മിഴികളോട്
കടം പറഞ്ഞ കഷ്ടകാലം.

രാത്രിയുടെ ഗര്‍ഭപാത്രം
പകലിലേക്കെന്നെ
പടിയിറക്കുന്നു .
വീണ്ടും നിന്റെ കുപ്പായവും
വിയര്‍പ്പുണങ്ങാത്ത
നൂറു രൂപയും .
ഭൂപടത്തില്‍ തണല്‍ വളരുന്നു.


പിഴച്ച കിനാവിന്റെ തീരത്ത്;
കണ്ടാല്‍
തിരിച്ചെടുക്കാന്‍ മറക്കണ്ട ,
മെരുങ്ങാന്‍ മടിക്കുന്ന
നാറ്റത്തെ പൊതിഞ്ഞ
നിന്റെ കുപ്പായവും
നീ തന്ന നൂറു രൂപയും.

No comments:

Post a Comment