Wednesday, May 25, 2011

സസ്യശാസ്ത്രം

 ഇത്തിക്കണ്ണി

അടര്‍ത്തിമാറ്റാന്‍
ആകുന്നില്ല ,
ഹൃദയത്തില്‍ നിന്നും
നിന്റെ ചുംബനത്തിന്റെ
വേരുകളെ ..




നീലച്ചടയന്‍ 

പ്രണയത്തിന്റെ
കെട്ടിറങ്ങിയപ്പോഴാണറിഞ്ഞത്

എരിഞ്ഞുതീര്‍ന്നത്‌
ഹൃദയമായിരുന്നെന്ന്.

Friday, May 20, 2011

കാണാപ്പുറം

ചിലര്‍ ബലൂണ്‍ പോലെ 
എല്ലാം ഉള്ളിലൊതുക്കി 
വീര്‍ത്ത് ,വീര്‍പ്പുമുട്ടി ;

ചിലര്‍  ചില്ലുകുപ്പി  പോലെ 
എല്ലാം കാഴ്ച്ചക്കെറിഞ്ഞ് ,
തെളിഞ്ഞ്‌ ;   

ഇനിയും ചിലര്‍ 
ചിരിയുടെ മറതീര്‍ത്ത് 
കരഞ്ഞ് , പഴിച്ച് ;

എന്നാണാവോ 
മനസ്സളക്കാനുള്ള 
സോഫ്റ്റ്‌വെയര്‍ 
മൈക്രോസോഫ്റ്റ് 
പുറത്തിറക്കുന്നത് .





Tuesday, May 17, 2011

കരുതല്‍


പ്രണയത്തില്‍
എല്ലാം
വളരെ
സൂക്ഷിച്ചു
വേണം .
ഒരക്ഷരം
പിഴച്ചാല്‍
മതി
'പ്രളയം'
വരാന്‍ .

Monday, May 16, 2011

പേരിടല്‍

ഭര്‍ത്താവ് മനസ്സിലോര്‍ത്തു
ആദ്യത്തെ കുഞ്ഞിന് ,
ചുംബനത്തിന്റെ -
ചൂടാദ്യം പകര്‍ന്ന
കാമുകിയുടെ പേര് .
ഭാര്യ ഉറപ്പിച്ചു
ആദ്യത്തെ കുഞ്ഞിന് ,
നാണത്തിന്റെ -
അര്‍ത്ഥം പഠിപ്പിച്ച
കളിക്കൂട്ടുകാരന്റെ പേര് .
പിറന്നയുടനെ കുഞ്ഞ് കരഞ്ഞു
ഞാന്‍ , നിങ്ങള്‍ക്കിടയില്‍
പിറക്കാതെപോയ
പ്രണയത്തിന്റെ നേര് .

Saturday, May 14, 2011

അടയാളം

സ്വപ്നങ്ങളില്‍
സപ്തവര്‍ണ്ണങ്ങള്‍ -
ഉണ്ടായിരുന്നിട്ടും,
കവിളില്‍
പടര്‍ന്നൊഴുകിയ
കണ്മഷി -
കറുപ്പിനാലാണല്ലോ
നിനക്കെന്നെ
ജീവിതത്തിലേക്ക്
പകര്‍ത്തിയെഴുതേണ്ടിവന്നത് .

Friday, May 13, 2011

മറുചോദ്യം

ഇന്നലെയാണ്
ഓര്‍ക്കുട്ടില്‍ ചേര്‍ന്നത്‌ .
പ്രൊഫൈല്‍ ചോദ്യങ്ങള്‍ക്ക്
ഉത്തരമെഴുതുന്നതിനിടയില്‍
ഒരു ചോദ്യം എന്നെ
വല്ലാതെ വലച്ചു ;
"എബൗട്ട്‌ മി"
അതെ, എന്നെക്കുറിച്ച് .
ഒന്നും
എഴുതാനില്ലാതിരുന്നതുകൊണ്ട്
ഒരു കുത്തിട്ടു നിര്‍ത്തി .
എന്നാല്‍ ഇന്നിപ്പോള്‍
അത് വലുതായി ,
ഒരു ചോദ്യചിഹ്നമായി
ഒരുപാട് പേരുടെ
മുന്നിലങ്ങനെ ...

Monday, May 2, 2011

ആത്മകഥ ..


നിന്റെ
പേരുകൊണ്ടൊറ്റവാക്കില്‍
ഞാനെന്റെ
ജീവിതമെഴുതിവെക്കുന്നു.

Sunday, May 1, 2011

വിവാഹം

ഒരു നുള്ള്
കുങ്കുമം കൊണ്ട്,
ഒരധിനിവേശം.