Friday, October 11, 2013

ആർട്ടിക് ടേണ്‍ഓരോ യാത്രയും 
ഒരു  പ്രതീക്ഷയാണ് ..
കണ്ണെത്താത്ത  കാഴ്ചകൾ ...
കേട്ട് തീരാത്ത താളങ്ങൾ .

ആരും കാണാതെ, 
ഒരു വളവിനപ്പുറം വലിച്ചെറിയാം 
എന്ന്  കരുതി  കൂടെ എടുക്കുന്ന  
കുറെ അസ്വസ്ഥതകൾ ...

വീണ്ടും കാണാം  എന്നൊരു നുണയിൽ
ഒതുങ്ങുന്ന ബന്ധങ്ങൾ ..
ഒരു ചെറു ചിരി ഓർത്തെടുക്കാൻ 
ശ്രമിക്കുന്ന ചുണ്ടുകൾ ..

ലഹരിയുടെ ഇടനാഴികൾ ..
മനസ്സ്  നിറക്കുന്ന 
ആരവങ്ങൾ .
ഞൊടിയിടയിൽ 
ഒറ്റപ്പെടുത്തിക്കളയുന്ന തെരുവുകൾ,
ഒച്ചയനക്കം ഇല്ലാത്ത ഇടവഴികൾ .

ഒടുവിൽ 
മടങ്ങുമ്പോൾ,
ഓരോ യാത്രയും പറയുക
നഷ്ട്ടങ്ങളുടെ കണക്കാണ് ..

പോകാൻ മടിച്ച വഴികളുടെ ,
ഓർത്തെടുക്കാനാവാത്ത മുഖങ്ങളുടെ ,
ചെയ്യാൻ  കഴിയാതെപോയ 
തെറ്റുകളുടെ, ശരികളുടെ ..


വീണ്ടും ...
ഓരോ യാത്രയും ഒരു പ്രതീക്ഷയാണ് ...

Friday, June 28, 2013

മഴ ....

എത്ര
വേനലുകളാണ് ,
എന്റെ ഓർമ്മയിൽ
നീ
പെയ്തു തീർക്കുന്നത് ...

Tuesday, June 11, 2013

നരകത്തിൽനിന്നൊരു കവി പറഞ്ഞത് ...മുറിവുകൾ  ഉണങ്ങരുത്
ഓരോ മുറിവിലും
കവിതയുടെ വിത്തുകളുണ്ട് .
മുറിവിനോപ്പം
അതും ഉറഞ്ഞു പോകും .

മജ്ജയിൽ  വേരാഴ്ന്നു
ശിരസ്സിനെ  വരിഞ്ഞൊരു
മുൾചെടി .
നിനക്കിനി
വാക്കിന്റെ കുരിശ്‌ ...

Monday, May 13, 2013

മരണം ....

ഓർമ്മകളിലേക്ക്
ഒരു
പിറവി ....

Wednesday, May 8, 2013

ദിനാന്തം ..

സെക്കൻറ് ഷോ ....
വണ്‍സയിഡ് ഡബിൾ .
ഗോൾഡ്‌ ഫ്ലയ്ക് ..
നീണ്ടു പോകുന്ന രാത്രി .

ദിവ്യ വെളിച്ചത്താൽ
കാലിക്കൂട്ടത്തെ അനുഗ്രഹിച്ച്
കൂനിക്കൂടിയൊരു തെരുവ് വിളക്ക് .
കവലയിൽ നിന്നും ഇരുട്ടിലേക്ക്
വലിച്ചെറിയപ്പെട്ട  വഴികൾ .
സിമിത്തെരിയുടെ
കൊതിപ്പിക്കുന്ന ശാന്തത .
മരവിച്ച  ചരക്കുവണ്ടികൾക്കിടയിൽ
പട്ടിണിയുടെ ഞെരക്കം .
മുല്ലപ്പൂവിന്റെ നാറ്റം ...

കപ്പേളക്കരികിലിരുന്നൊരു
സിഗരറ്റിനു തീകൊളുത്തുമ്പോൾ
കേട്ടൊരു പ്രാര്ത്ഥന ..
തമ്പുരാനേ  നിന്റെ കനിവെന്നിൽ
നിർലോഭം തുടരണമേ ..
നേർച്ചപ്പെട്ടിയിൽ
സ്വപ്നങ്ങളുടെ നിലവിളി .
മുല്ലപ്പൂവിന്റെ നാറ്റം ..

Tuesday, May 7, 2013

പെട്ടന്ന് ..എത്ര പെട്ടന്നാണ്
ഈ  ലോകം
ഇത്ര ചുരുങ്ങി പോയത് .
അനേകം ജനാലകളുള്ള വീട്ടിൽനിന്നും
ഒറ്റമുറി ഇരുട്ടിലേക്ക് .

എത്ര പെട്ടന്നാണ്
നാലാളറിഞ്ഞതും ,
പുതിയ കിടപ്പറ കാണാൻ
പൂവും പ്രാർത്ഥനയുമായി
നാടാകെ തടിച്ചു കൂടിയതും .

എത്ര പെട്ടന്നാണ്
വാതിലടഞ്ഞതും
മുകളിൽ മണ്ണുവീണതും,
നിങ്ങൾ തെളിച്ച മെഴുകുതിരികളെല്ലാം
കരഞ്ഞു തീർന്നതും .

Tuesday, April 16, 2013

പ്ലീസ് എക്സ്ക്യുസ് മി ....
നീ 
ഒരു ഇല പൊഴിയുന്ന  ശബ്ദം കേട്ടിട്ടുണ്ടോ ?

ഇല്ല .. 

കടലാസിൽ മഷി പടരുന്ന ശബ്ദം ?

ഇല്ല... 

ഒരു തുള്ളി കണ്ണുനീർ അടർന്നു  വീഴുന്നത് ?

ഹൊ... ഇല്ലേ ഇല്ല ..... 

പിന്നെ, എങ്ങിനെ നീ എന്റെ  മൌനങ്ങളെ .... !!