Wednesday, October 27, 2010

വേലി

ഞങ്ങളുടെ പറമ്പുകള്‍ക്ക്‌
അതിരിട്ടത് മൈലാഞ്ചിയും
ചെമ്പരത്തിയും കുറുകെപടര്‍ന്ന
മുല്ലയുമെല്ലാമായിരുന്നു .

ഓരോ കല്ല്യാണത്തിനും,
പെരുന്നാളിനും
കൂട്ടത്തോടെ വിരുന്നുപോയിരുന്ന
മൈലാഞ്ചിയിലകള്‍ .
ചിരട്ടയില്‍ വിളമ്പുമ്പോള്‍
മധുരമായ ചെമ്പരത്തി .
ഉണ്ണിമൂത്രം കുടിച്ചു വളര്‍ന്നെങ്കിലും
സ്വര്‍ഗ്ഗീയ സുഗന്ധം പടര്‍ത്തിയ മുല്ല .

വകഞ്ഞുമാറ്റിയൊരു വിടവിലൂടെ
കറിയും കടവും മാത്രമല്ല
ഹൃദയങ്ങളും കൈമാറിയിരുന്നു .

ആ വേലികള്‍ ; ഞങ്ങളുടെ
മനസ്സിന്റെ അതിരുകളെ
അതിര്‍ത്തി കടത്തിയിരുന്നു .

Sunday, October 24, 2010

ഉണങ്ങാത്ത മുറിവുകള്‍ ..


ഒരു തുലാമാസ സന്ധ്യക്കാണ്‌
അവള്‍ എന്നോട് തന്റെ
പ്രണയം പറഞ്ഞത് .......
വേട്ടയ്ക്ക് മുന്‍പ്
ഇരയോട്‌
അനുവാദം ചോദിച്ചത് .

Saturday, October 23, 2010

വിരുദ്ധര്‍

ചിലര്‍ വിപ്ലവത്തെ
വഴിയിലുപേക്ഷിക്കുന്നു.
ശേഷിക്കുന്നവര്‍ക്ക്
പുതു വിപ്ലവകാരികള്‍
പിണ്ഠം വെക്കുന്നു .

Thursday, October 21, 2010

ചെങ്കോലും കിരീടവും ഇല്ലാത്ത ചിലര്‍ ..

ഓട്ടപ്പാത്രത്തില്‍ വെള്ളം
കോരുന്നവന്റെ ദാരിദ്ര്യം
മറ്റുള്ളവര്‍ക്ക്
പരിഹാസമായിരുന്നു .

അവന്റെ വഴിയില്‍
മണ്ണ് നനയുന്നതും
അവിടെ പ്രതീക്ഷകള്‍ക്ക്
വേരുറക്കുന്നതും ആരും
ശ്രദ്ധിച്ചില്ല .

Wednesday, October 20, 2010

പരിണാമം ..















നിന്റെ ഉദരത്തില്‍
പുതുജീവന്‍ കുരുത്തപ്പോള്‍
അവന്‍ ആണായി
നീ പിഴച്ചവളും .

Tuesday, October 19, 2010

വത്യാസം കണ്ടുപിടിക്കുക

എന്റെ കവിത ചുവപ്പായിരുന്നു,
അവളുടെ കവിളും .
എന്നിട്ടും എന്റെ ഹൃദയവും
ചെമ്പരത്തിപ്പൂവും
അവള്‍ക്കൊരിക്കലും
വേര്‍തിരിക്കാനായില്ല.

ഓര്‍മ്മ


ഓര്‍മ്മയുടെ അലമാരയില്‍
ഇന്നലെ തിരഞ്ഞപ്പോളാണ്
നന്നായി അടുക്കിയിരുന്ന
കുറെയെണ്ണം നഷ്ട്ടമായതറിഞ്ഞത് .
മറവിയുടെ ഏത് പെട്ടിയിലാണ്
അതിട്ടതെന്നു എത്ര ശ്രമിച്ചിട്ടും
ഓര്‍മ്മ വരുന്നില്ല .

അന്ത്യാഭിലാഷം

വൈകല്യം പേറി
പിറന്നുകൊണ്ട്
എഴുതുന്ന
ഓരോ കവിതയും
എന്റെ ആയുസ്സ്
നീട്ടുകയാണ് .
ഒരു നല്ല കവിത,
അതെന്റെ
ജീവന്‍ എടുത്തേക്കും .

മിത്ത് (Myth .. സ്നേഹപൂര്‍വ്വം അഭിക്ക് )

നീ ഒരു വിത്ത് ;
മഴയില്‍
മുളക്കാന്‍ മറന്നത് .
തീയില്‍
എരിയാന്‍ മടിച്ചത് .

നീ ഒരു വിത്ത്;
ഉള്ളില്‍ വന്മരമായ്‌ വളര്‍ന്നത് .
മണ്ണും വെയിലും
ഇല്ലാത്തതിനാല്‍
ഹൃദയങ്ങളിലേക്ക്
വേരിറക്കിയത് .

നീ ഒരു വിത്ത് ;
മനസ്സ് മുളക്കാത്ത
മോണ്‍സാന്റൊകള്‍ക്ക്
മുന്നില്‍
ഒരു മിത്ത് .

Saturday, October 9, 2010

അബോര്‍ഷന്‍

പണ്ട്,
എണ്ണമറ്റ
കഷണങ്ങളായ്
കൂട്ടുകാരി എന്റെ
പ്രണയത്തെ
കീറിക്കളഞ്ഞു.

പിന്നീട്,
ഹൃദയം രണ്ടായി
പിളര്‍ന്ന്
മറക്കാനുള്ള
മരുന്ന് കുറിച്ച്
കാമുകിയും.

ഇന്നിപ്പോള്‍ ,
ഒരു താലിയില്‍ കുരുങ്ങി
ജീവിതം പങ്കിടാന്‍
വന്നവളെ നിന്റെ
ഗര്‍ഭപാത്രവും...

Monday, October 4, 2010

പഞ്ചായത്ത് കിണര്‍

ഗ്രാമത്തിന്റെ മുഴുവന്‍
ഹൃദയം തൊട്ടൊരു
യൗവ്വനമുണ്ടെനിക്ക് .

ഒറ്റയ് ക്കൊറ്റക്ക്‌
കുടംനിറയെ പരാതികളും
പരിഭവങ്ങളുമായി
വന്നിരുന്നവര്‍ .

സോപ്പും പൊടിനീലവുമായി
കൂട്ടത്തോടെവന്നു കൊളുത്തില്ലാത്ത
പിന്‍വാതില്‍ കഥകളുടെ
ഭാണ്ഡമഴിച്ചവര്‍ .

കാത്തിരുപ്പിനിടയില്‍
ഒരു ചെറുകല്ലുകൊണ്ട്
തരംഗ തത്വങ്ങള്‍
അറിയാതെ അറിഞ്ഞവര്‍ .

വീട്ടിലേക്കുള്ള
വഴിയടയാളമായ്
എനിക്ക് സ്ഥിരനിയമനം
തന്നവര്‍ ....

വേരു കണക്കെ
വാട്ടര്‍ അതോറിറ്റിയുടെ
കുഴലുകള്‍ പടര്‍ന്നതോടെയാണ്
ഒറ്റപ്പെട്ടു തുടങ്ങിയത് .

ഉന്മാദത്തിന്റെ
മൂര്‍ധന്യതയില്‍ ഒരുവന്‍
ജീവിതം കൊണ്ടെന്റെ
ആഴമളന്നതില്‍പിന്നെ
ആരും വരാതെയായി .