Friday, April 15, 2011
നീയോ ഞാനോ ?
സുഹൃത്തേ
ഇന്നലെ ഞാന്‍
പരാജയപ്പെട്ടു ..
നീയോ ......
കവിതയും പ്രണയവും
വിപ്ലവവും
പെയ്തിറങ്ങിയ
സ്വപ്നങ്ങളില്‍ ,
പലപ്പോഴും നമുക്ക്
ഞാനെന്നോ നീയെന്നോ
വേര്‍തിരിക്കാന്‍
പോലുമായിരുന്നില്ല.
എന്നിട്ടും,
ഒരു മസോക്കിസ്റ്റ്
നിന്നില്‍ വളരുന്നതും
പ്രണയ മുറിവിലൂടെ
നിന്റെ ജീവിതം
വാര്‍ന്നു പോകുന്നതും
ഞാന്‍ തിരിച്ചറിഞ്ഞില്ല.
സ്വയം തീര്‍ത്ത
പ്രതിക്കൂട്ടില്‍
തെറ്റുകാരനായ്
കയറിനിന്നതും
നിനക്കായ് വാദിക്കാന്‍ പോലും
അനുവദിക്കാതെ
ശിക്ഷ വിധിച്ചതും
എന്തിനായിരുന്നു .
എങ്ങോട്ടെന്നില്ലാത
ഒരു ട്രെയിന്‍ യാത്രയില്‍
ഒരിക്കല്‍ പറഞ്ഞിരുന്നു
നീ ഒരു പഴയ
ആവി എഞ്ചിനാണെന്ന് .
അതിന്റെ വേവ്
ഞാന്‍ ഇന്നാണറിയുന്നത് .
പതിവുപോലെ ,
വിലകുറഞ്ഞ മദ്യത്തില്‍
കുറച്ചു, നീ
എനിക്കായ്
മാറ്റിവെച്ചിരുന്നു .
മേശമേല്‍
റെയില്‍വേ ടൈം ടേബിള്‍
മലര്‍ന്നു കിടന്നിരുന്നു.
ഒരു തുണ്ട് കടലാസില്‍
കുനു കുനെ വരച്ച
കുറെ നക്ഷത്രങ്ങള്‍ക്കൊപ്പം
ഹൃദയത്തില്‍ ഒരു മുറിവും
ഓര്‍മ്മകളില്‍ , വീട്ടാനാവാത്ത
കടങ്ങളും ബാക്കിയാക്കി
നീ ഇറങ്ങിപോയതെങ്ങോട്ടാണ് .
ഇല്ല ; ഇന്ന് നിന്നെ
തേടിയിറങ്ങാന്‍ എനിക്കാവില്ല .
എന്തെന്നില്ലാതെ
എല്ലാ തീവണ്ടികളും
ഇന്നലെ കൃത്യ സമയം
പാലിച്ചിട്ടുണ്ട് ..........
Subscribe to:
Post Comments (Atom)
എല്ലാ തീവണ്ടികളും
ReplyDeleteഇന്നലെ കൃത്യ സമയം
പാലിച്ചിട്ടുണ്ട് ...
ഹോ....അപ്പോള്‍ അത് സംഭവിച്ചു കാണും അല്ലേ....നന്നായിട്ടുണ്ട്....ആശംസകള്‍