Friday, October 14, 2011

ബൂര്‍ഷ്വ


നിന്റെ സ്നേഹം
എന്നെ സമ്പന്നനാക്കുന്നു,
നിന്റെ സാമീപ്യം
എന്നെ സ്വാര്‍ത്ഥനാക്കുന്നു,
ചുരുക്കത്തില്‍, നീ എന്നെ
കമ്മ്യൂണിസ്റ്റല്ലാതാക്കുന്നു.               

Thursday, October 13, 2011

വിശപ്പ്‌


കരുതിവക്കുക
കാലമേ
കവിതയുടെ
കടവില്‍
തൂശനിലത്തുമ്പില്‍
എനിക്കായ്
ഒരുപിടിച്ചോറ്,
എള്ളും പൂവും ചേര്‍ത്ത് . 

Wednesday, May 25, 2011

സസ്യശാസ്ത്രം

 ഇത്തിക്കണ്ണി

അടര്‍ത്തിമാറ്റാന്‍
ആകുന്നില്ല ,
ഹൃദയത്തില്‍ നിന്നും
നിന്റെ ചുംബനത്തിന്റെ
വേരുകളെ ..




നീലച്ചടയന്‍ 

പ്രണയത്തിന്റെ
കെട്ടിറങ്ങിയപ്പോഴാണറിഞ്ഞത്

എരിഞ്ഞുതീര്‍ന്നത്‌
ഹൃദയമായിരുന്നെന്ന്.

Friday, May 20, 2011

കാണാപ്പുറം

ചിലര്‍ ബലൂണ്‍ പോലെ 
എല്ലാം ഉള്ളിലൊതുക്കി 
വീര്‍ത്ത് ,വീര്‍പ്പുമുട്ടി ;

ചിലര്‍  ചില്ലുകുപ്പി  പോലെ 
എല്ലാം കാഴ്ച്ചക്കെറിഞ്ഞ് ,
തെളിഞ്ഞ്‌ ;   

ഇനിയും ചിലര്‍ 
ചിരിയുടെ മറതീര്‍ത്ത് 
കരഞ്ഞ് , പഴിച്ച് ;

എന്നാണാവോ 
മനസ്സളക്കാനുള്ള 
സോഫ്റ്റ്‌വെയര്‍ 
മൈക്രോസോഫ്റ്റ് 
പുറത്തിറക്കുന്നത് .





Tuesday, May 17, 2011

കരുതല്‍


പ്രണയത്തില്‍
എല്ലാം
വളരെ
സൂക്ഷിച്ചു
വേണം .
ഒരക്ഷരം
പിഴച്ചാല്‍
മതി
'പ്രളയം'
വരാന്‍ .

Monday, May 16, 2011

പേരിടല്‍

ഭര്‍ത്താവ് മനസ്സിലോര്‍ത്തു
ആദ്യത്തെ കുഞ്ഞിന് ,
ചുംബനത്തിന്റെ -
ചൂടാദ്യം പകര്‍ന്ന
കാമുകിയുടെ പേര് .
ഭാര്യ ഉറപ്പിച്ചു
ആദ്യത്തെ കുഞ്ഞിന് ,
നാണത്തിന്റെ -
അര്‍ത്ഥം പഠിപ്പിച്ച
കളിക്കൂട്ടുകാരന്റെ പേര് .
പിറന്നയുടനെ കുഞ്ഞ് കരഞ്ഞു
ഞാന്‍ , നിങ്ങള്‍ക്കിടയില്‍
പിറക്കാതെപോയ
പ്രണയത്തിന്റെ നേര് .

Saturday, May 14, 2011

അടയാളം

സ്വപ്നങ്ങളില്‍
സപ്തവര്‍ണ്ണങ്ങള്‍ -
ഉണ്ടായിരുന്നിട്ടും,
കവിളില്‍
പടര്‍ന്നൊഴുകിയ
കണ്മഷി -
കറുപ്പിനാലാണല്ലോ
നിനക്കെന്നെ
ജീവിതത്തിലേക്ക്
പകര്‍ത്തിയെഴുതേണ്ടിവന്നത് .

Friday, May 13, 2011

മറുചോദ്യം

ഇന്നലെയാണ്
ഓര്‍ക്കുട്ടില്‍ ചേര്‍ന്നത്‌ .
പ്രൊഫൈല്‍ ചോദ്യങ്ങള്‍ക്ക്
ഉത്തരമെഴുതുന്നതിനിടയില്‍
ഒരു ചോദ്യം എന്നെ
വല്ലാതെ വലച്ചു ;
"എബൗട്ട്‌ മി"
അതെ, എന്നെക്കുറിച്ച് .
ഒന്നും
എഴുതാനില്ലാതിരുന്നതുകൊണ്ട്
ഒരു കുത്തിട്ടു നിര്‍ത്തി .
എന്നാല്‍ ഇന്നിപ്പോള്‍
അത് വലുതായി ,
ഒരു ചോദ്യചിഹ്നമായി
ഒരുപാട് പേരുടെ
മുന്നിലങ്ങനെ ...

Monday, May 2, 2011

ആത്മകഥ ..


നിന്റെ
പേരുകൊണ്ടൊറ്റവാക്കില്‍
ഞാനെന്റെ
ജീവിതമെഴുതിവെക്കുന്നു.

Sunday, May 1, 2011

വിവാഹം

ഒരു നുള്ള്
കുങ്കുമം കൊണ്ട്,
ഒരധിനിവേശം.

Friday, April 15, 2011

പുനര്‍ജന്മം...

ചിലര്‍ അങ്ങിനെയാണ് ...
ഉരഞ്ഞു ഉരഞ്ഞു
തീരാനുള്ളതാണ്
അവരുടെ ജീവിതം .
പ്രതാപത്തില്‍ നിന്നകന്ന്
പ്രണയം നിഷേധിക്കപ്പെട്ട്
പടിക്ക് പുറത്തെന്നെന്നും
വിധിക്കപ്പെട്ട് ....

പക്ഷേ,
വണ്ടിപേട്ടയില്‍
കണ്ടുമുട്ടുന്ന ടയറുകള്‍
അടക്കം പറയുന്ന
ഒരു പഴങ്കഥയുണ്ട്
നിരത്തിനെ ചുംബിച്ചു ചുംബിച്ചു
ഒടുവില്‍ ഹൃദയം പൊട്ടി
മരിക്കുന്നവ
റോഡ്‌ റോളര്‍ ആയി
പുനര്‍ജനിക്കാറുണ്ടത്രേ ..

നീയോ ഞാനോ ?


സുഹൃത്തേ
ഇന്നലെ ഞാന്‍
പരാജയപ്പെട്ടു ..
നീയോ ......

കവിതയും പ്രണയവും
വിപ്ലവവും
പെയ്തിറങ്ങിയ
സ്വപ്നങ്ങളില്‍ ,
പലപ്പോഴും നമുക്ക്
ഞാനെന്നോ നീയെന്നോ
വേര്‍തിരിക്കാന്‍
പോലുമായിരുന്നില്ല.

എന്നിട്ടും,
ഒരു മസോക്കിസ്റ്റ്
നിന്നില്‍ വളരുന്നതും
പ്രണയ മുറിവിലൂടെ
നിന്റെ ജീവിതം
വാര്‍ന്നു പോകുന്നതും
ഞാന്‍ തിരിച്ചറിഞ്ഞില്ല.

സ്വയം തീര്‍ത്ത
പ്രതിക്കൂട്ടില്‍
തെറ്റുകാരനായ്
കയറിനിന്നതും
നിനക്കായ്‌ വാദിക്കാന്‍ പോലും
അനുവദിക്കാതെ
ശിക്ഷ വിധിച്ചതും
എന്തിനായിരുന്നു .

എങ്ങോട്ടെന്നില്ലാത
ഒരു ട്രെയിന്‍ യാത്രയില്‍
ഒരിക്കല്‍ പറഞ്ഞിരുന്നു
നീ ഒരു പഴയ
ആവി എഞ്ചിനാണെന്ന് .
അതിന്റെ വേവ്
ഞാന്‍ ഇന്നാണറിയുന്നത് .

പതിവുപോലെ ,
വിലകുറഞ്ഞ മദ്യത്തില്‍
കുറച്ചു, നീ
എനിക്കായ്
മാറ്റിവെച്ചിരുന്നു .
മേശമേല്‍
റെയില്‍വേ ടൈം ടേബിള്‍
മലര്‍ന്നു കിടന്നിരുന്നു.

ഒരു തുണ്ട് കടലാസില്‍
കുനു കുനെ വരച്ച
കുറെ നക്ഷത്രങ്ങള്‍ക്കൊപ്പം
ഹൃദയത്തില്‍ ഒരു മുറിവും
ഓര്‍മ്മകളില്‍ , വീട്ടാനാവാത്ത
കടങ്ങളും ബാക്കിയാക്കി
നീ ഇറങ്ങിപോയതെങ്ങോട്ടാണ് .

ഇല്ല ; ഇന്ന് നിന്നെ
തേടിയിറങ്ങാന്‍ എനിക്കാവില്ല .
എന്തെന്നില്ലാതെ
എല്ലാ തീവണ്ടികളും
ഇന്നലെ കൃത്യ സമയം
പാലിച്ചിട്ടുണ്ട് ..........

Wednesday, March 2, 2011

മരണഭയം

ഏതോ രാത്രിയാത്രക്കിടെ
കൈവിട്ടു പോയതാണ് .
തേടിയലഞ്ഞില്ല ,
തിരികെ വന്നതുമില്ല .

പിന്നെ, ചില മരണ വീടുകളില്‍
നിറം മങ്ങിയ മിഴികളില്‍
ഇടയ്ക്കിടെ കണ്ടിട്ടുണ്ട് ..
കണ്ണുകള്‍ അത്രയും നിറഞ്ഞത്‌
മരിച്ചവനെ ഓര്ത്തിട്ടാവുമെന്നു
ഞാന്‍ കരുതുന്നില്ല .

ഇപ്പോഴും, നിനച്ചിരിക്കാതെ
ചിലപ്പോഴൊക്കെ അലട്ടാറുണ്ട് .
കൂട്ടുകാരനുമൊത്ത്
ഒരു കൈക്ക് ചീട്ടിടുമ്പോള്‍ ,
വിളംബിയതത്രയും കഴിക്കണമെന്ന്
പെങ്ങള്‍ നിര്‍ബന്ധം പിടിക്കുമ്പോള്‍ ,
അവളുടെ കുഞ്ഞിന്റെ കണ്ണില്‍
എനിക്ക് വേണ്ടി ആയിരം -
നക്ഷത്രങ്ങള്‍ തെളിയുമ്പോള്‍ .

Saturday, February 19, 2011

പ്ലാറ്റ്ഫോമിലെ പെണ്‍കുട്ടി



നിന്റെ
സാരി വിടവുകള്‍
എന്നില്‍
കൗതുകം
വിടര്‍ത്തിയേക്കാം .
പക്ഷേ
തീര്‍ച്ച ,
നിന്റെ
നിസ്സഹായത
എന്നില്‍
കാമം നിറക്കില്ല .

മേഘസന്ദേശം



നിന്നിലേക്കെത്തും മുന്‍പേ
എന്റെ കവിളില്‍
പെയ്തൊഴിഞ്ഞതത്രയും.