Thursday, July 29, 2010

റിമൈന്‍ഡര്‍

നിന്റെ ഓര്‍മ്മയ്ക്കായ്
ഞാന്‍
ഒരു റോസാച്ചെടി നട്ടു.
പൂ വിരിഞ്ഞില്ലെങ്കിലും
അതിന്റെ മുള്ളുകള്‍
എന്നും
എന്നെ
മുറിവേല്‍പ്പിക്കുന്നുണ്ട്.

Wednesday, July 28, 2010

ജീവപര്യന്തം

വീട് ഒരു തടവറ.
ചെറുതും വലുതുമായി
സ്നേഹത്തിന്റെ
കുറെ അഴികള്‍ .

പുറത്ത്
സൗഹൃദത്തിന്റെ
കാവല്‍ .
പ്രണയം,ഹൊ!
ഒരു വന്മതില്‍ .

ഒരായുസ്സിന്റെ
തടവ്‌ വിധിക്കാന്മാത്രം
എന്റെ തെറ്റെന്ത് .

Tuesday, July 27, 2010

ആത്മഹത്യ

ആദ്യം വിളിച്ചത് ബാബുവാണ്
പിന്നീട് ജയന്‍ , അബ്ദു ,
അനിത, സേവിയര്‍ ........
ഫോണിന്റെ ഇങ്ങേ തലക്കല്‍
ഞാനുണ്ടെന്നറിഞ്ഞപ്പോള്‍
അപ്പുറത്ത് സന്തോഷം, പരിഹാസം
വാക്ക് തെറ്റിച്ചതിലുള്ള പരിഭവം.
എനിക്ക് ചിരി വന്നു,
നേത്രാവതി രണ്ടു മണിക്കൂര്‍
വൈകിയോടുന്നത്
അവരറിഞ്ഞിട്ടില്ല.

Saturday, July 24, 2010

സഖാവ്

തീ പിടിച്ച
കാലുമായ്‌
തിടുക്കത്തില്‍
ഓടവെ,
നെഞ്ചില്‍
കനലുമായ്
എതിരെ
വന്നവന്‍
ചോദിച്ചു
'ബീഡി ഉണ്ടോ ?'

ഗര്‍ഭം

ആരോടും പറഞ്ഞില്ല,
രണ്ടു ദിവസമായി
ഒരു സംശയം.
മനം പുരട്ടി
എന്തൊക്കയോ
തികട്ടി തികട്ടി ,
ഒരേ ആലസ്യം.
രാവിലെയാണ്
ഉറപ്പിച്ചത്
ച്ഛെ !
വീണ്ടും
എത്ര
മുന്‍കരുതല്‍ എടുത്തിട്ടും
ഒരു കവിതയുടെ ഭ്രൂണം
എന്റെയുള്ളില്‍
അങ്ങിനെ.

Friday, July 23, 2010

പ്രണയ ലേഖനം

നിലാവും
നിറദീപവും,
കളിവള്ളവും
കരിവളകളും,
പുഞ്ചിരിയും
പൂമണവും,
എന്തിന്,
ടേക്ക് കെയര്‍
അടിമത്തങ്ങള്‍ വരെ
ക്ലീഷേകളായി.
സദാചാരത്തിന്റെ
പെരും നുണകള്‍ക്കപ്പുറം
എനിക്ക് നിന്റെ
മാംസം വേണം
പച്ചയ്ക്ക്.

മുന്‍ഗാമികള്‍

ഇരുട്ടിനെ
വെല്ലുവിളിക്കുന്ന
മിന്നാമിനുങ്ങുകള്‍ക്ക്
അറിയില്ലല്ലോ,
നക്ഷത്രങ്ങള്‍
അവര്‍ക്കു മുന്‍പേ
തോറ്റു
മടങ്ങിയവരെന്ന്.

ജീവിതം

ഓടി
ഒളിക്കാനല്ല,
എഴുന്നേറ്റു
നില്‍ക്കാനുള്ള
സമയമാണ്
ഞാന്‍
ചോദിച്ചത്.
അപ്പോഴേക്കും
നീ
പറഞ്ഞു
കളഞ്ഞല്ലോ,
ഒളിച്ചാലും
ഇല്ലെങ്കിലും,
'സാറ്റ് '.