Tuesday, January 7, 2014

നീ സവാള അരിയുമ്പോൾ .....



സവാള അരിയുമ്പോൾ 
നീ സ്വന്തമായി 
ഒരു ലോകം സൃഷ്ട്ടിക്കുന്നുണ്ട് .
അക്ഷാംശ രേഖാംശ കൃത്യതയോടെ 
ആ അരിയൽ 
ഒരു കൗതുക കാഴ്ച്ചയാണ് .

അപ്പോൾ  എന്തായിരിക്കും
നിന്റെ മനസ്സിലോടുന്നത് ....
ഒരുവേള വിഭവത്തിന്റെ
സ്വീകാര്യതയെക്കുറിച്ചാവാം ,
അല്ലെങ്കിൽ പൊട്ടാൻ തുടങ്ങുന്ന
മോളുടെ ഷൂ ലേസിനെ കുറിച്ചോ
നിറം മങ്ങുന്ന യൂനിഫോമിനെ കുറിച്ചോ
ഇന്നലെ കമ്മലിൽ നിന്നും ഇളകിവീണ
കല്ലിനെക്കുറിച്ചോ ആകാം .
എന്നെ കുറിച്ച് ആണെന്ന്
നീ സമ്മതിക്കാൻ തരമില്ലാത്തതു കൊണ്ട്
ആ സാധ്യത ഞാനും തള്ളിക്കളയുന്നു.

ഇടക്കിടക്കുള്ള കണ്ണു നിറയൽ
അലോസരപ്പെടുത്തുന്നുണ്ടെങ്കിലും
അതൊരു സ്വാഭാവിക -
പ്രതികരണം ആണെന്നും
നീ മറ്റെന്തോ ചിന്തയിൽ
വ്യാപൃതയാണെന്നും ഞാൻ സമാധാനപ്പെടുന്നുണ്ട് .

ഒന്നുണ്ട് ; ബാൽക്കണിയിലോ
കാറിലോ ബസ് സ്റ്റോപ്പിലോ
നീ ഇങ്ങനെ ചിന്തയിൽ  മുഴുകുന്നത്
ഞാൻ കണ്ടിട്ടില്ല . അത്തരത്തിൽ
നിന്റെ സുഹൃത്തുക്കൾ
പറഞ്ഞു കേട്ടിട്ടുമില്ല .

നിന്നെ എനിക്ക് അറിയില്ലേ
എന്ന എന്റെ
അഹന്തയുടെ മുട്ടുകാൽ
ഓരോ സവാളയും എറിഞ്ഞുടയ്ക്കു
ന്നുണ്ട് .
കണ്ണെരിയും എന്ന കാരണം പറഞ്ഞു ഞാൻ
അപ്പോൾ നിന്നിൽനിന്നു ഒളിച്ചോടാറുമുണ്ട് .

അങ്ങനെ, സവാള അരിയുമ്പോൾ
നീ എനിക്ക് തികച്ചും അന്യയാകാറുണ്ട് .
ഹൈസ്കൂൾ കുട്ടിയുടെ
കൗതുകത്തോടെ, നെഞ്ചിടിപ്പോടെ
അല്പ്പം മാറിനിന്നു ഞാൻ നിന്നെ
ഒരുപാട് സ്നേഹിച്ചു പോകാറുണ്ട് .

സവാള അരിയുമ്പോൾ
നീ സ്വന്തമായി
ഒരു ലോകം സൃഷ്ട്ടിക്കുന്നുണ്ട് ....

5 comments:

  1. സവാള(ഉള്ളി) പൊളിച്ചു,പൊളിച്ചു ചെല്ലുമ്പോൾ ഒന്നുമില്ലായ്മയിലവസാനിക്കുമെന്നല്ലേ? പക്ഷേ, ഈ വരികൾ വായിച്ച്,വായിച്ച് പോകവേ എന്തൊക്കയോ കാര്യമായത് ബാക്കിയാവുന്നു.പറയാനെനിക്കറിയില്ല. :)

    നല്ല കവിത.

    ശുഭാശംസകൾ...

    ReplyDelete
  2. നല്ല വരികള്‍
    ആശംസകള്‍

    ReplyDelete
  3. സവാള അരിയാന്‍ മെഷീന്‍ വേണം

    ReplyDelete
  4. സവാള അരിയുമ്പോൾ
    നീ സ്വന്തമായി
    ഒരു ലോകം സൃഷ്ട്ടിക്കുന്നുണ്ട് ..
    :-)

    ReplyDelete
  5. അതാവുമ്പോ സവാള അരിയുന്ന പേരില്‍ ഒന്നു കണ്ണുംനിറയ്ക്കാലോ...:)

    ReplyDelete