Monday, October 4, 2010

പഞ്ചായത്ത് കിണര്‍

ഗ്രാമത്തിന്റെ മുഴുവന്‍
ഹൃദയം തൊട്ടൊരു
യൗവ്വനമുണ്ടെനിക്ക് .

ഒറ്റയ് ക്കൊറ്റക്ക്‌
കുടംനിറയെ പരാതികളും
പരിഭവങ്ങളുമായി
വന്നിരുന്നവര്‍ .

സോപ്പും പൊടിനീലവുമായി
കൂട്ടത്തോടെവന്നു കൊളുത്തില്ലാത്ത
പിന്‍വാതില്‍ കഥകളുടെ
ഭാണ്ഡമഴിച്ചവര്‍ .

കാത്തിരുപ്പിനിടയില്‍
ഒരു ചെറുകല്ലുകൊണ്ട്
തരംഗ തത്വങ്ങള്‍
അറിയാതെ അറിഞ്ഞവര്‍ .

വീട്ടിലേക്കുള്ള
വഴിയടയാളമായ്
എനിക്ക് സ്ഥിരനിയമനം
തന്നവര്‍ ....

വേരു കണക്കെ
വാട്ടര്‍ അതോറിറ്റിയുടെ
കുഴലുകള്‍ പടര്‍ന്നതോടെയാണ്
ഒറ്റപ്പെട്ടു തുടങ്ങിയത് .

ഉന്മാദത്തിന്റെ
മൂര്‍ധന്യതയില്‍ ഒരുവന്‍
ജീവിതം കൊണ്ടെന്റെ
ആഴമളന്നതില്‍പിന്നെ
ആരും വരാതെയായി .

No comments:

Post a Comment